Breaking News

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഇനിയും മൂന്നു വര്‍ഷം

സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഇനിയും മൂന്നു വര്‍ഷം കൂടി വേണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചു. 2024-ഓടുകൂടി പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അതുവരെ കാലാവധി നീട്ടി നല്‍കണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു


അദാനി പോര്‍ട്ട്‌സും സംസ്ഥാന സര്‍ക്കാരും ഒപ്പിട്ട 2015ലെ കരാര്‍ പ്രകാരം ആയിരം ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞിരുന്നത്. കരാര്‍ പ്രകാരം 2019 ഡിസംബര്‍ മൂന്നിനകം പദ്ധതി യാഥാര്‍ത്ഥ്യമാകേണ്ടതായിരുന്നു.

അതേസമയം പദ്ധതി നിശ്ചിത കാലയളവില്‍ പൂര്‍ത്തിയായില്ലെങ്കില്‍ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നല്‍കാതെ അദാനി ഗ്രൂപ്പിന് കരാറുമായി മുന്നോട്ട് പോകാം. അതിനു ശേഷം പ്രതിദിനം 12 ലക്ഷം വച്ച്‌ അദാനി ഗ്രൂപ്പ് പിഴയൊടുക്കണം എന്നാണ് കരാറിലെ വ്യവസ്ഥ. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ആലോചന.

അതേസമയം 2023 ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് ട്രൈബ്യൂണലിനെ അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പല കരാര്‍ വ്യവസ്ഥകളും സംസ്ഥാന സര്‍ക്കാര്‍ പാലിച്ചില്ലെന്ന് അദാനി ഗ്രൂപ്പ് ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്.

No comments